This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കേരള സംസ്ഥാന സര്‍വവിജ്ഞാനകോശം ഇന്‍സ്റ്റിറ്റ്യൂട്ട്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കേരള സംസ്ഥാന സര്‍വവിജ്ഞാനകോശം ഇന്‍സ്റ്റിറ്റ്യൂട്ട്

ലോകവിജ്ഞാനം മലയാളഭാഷയിലൂടെ കേരളീയര്‍ക്കു പകര്‍ന്നുകൊടുക്കുവാന്‍ ആസൂത്രിതയത്നം നടത്തിക്കൊണ്ടിരിക്കുന്ന പൊതുമേഖലാസ്ഥാപനം. വിദ്യാഭ്യാസം, ഭരണനിര്‍വഹണം, നിയമവ്യവഹാരം മുതലായ മേഖലകളില്‍ മാധ്യമം മാതൃഭാഷയായിരിക്കണമെന്ന നയം സര്‍ക്കാര്‍ സ്വീകരിച്ചതിന്റെ ഭാഗമായാണ് ഇതിന്റെ പ്രവര്‍ത്തനം സമാരംഭിച്ചിട്ടുള്ളത്.

കേരള സംസ്ഥാന സര്‍വവിജ്ഞാനകോശം ഇന്‍സ്റ്റിറ്റ്യൂട്ട് ആസ്ഥാനം

1961-ല്‍ പട്ടം താണുപിള്ള മുഖ്യമന്ത്രിയായിരുന്ന കാലത്താണ് സര്‍ക്കാരിന്റെ ആഭിമുഖ്യത്തില്‍ മലയാളത്തില്‍ ഒരു വിജ്ഞാനകോശം തയ്യാറാക്കുന്നതിനുവേണ്ട ആദ്യശ്രമം ആരംഭിച്ചത്. പ്രൊഫ. എന്‍. ഗോപാലപിള്ളയെ ചീഫ് എഡിറ്ററായി നിയമിച്ചുകൊണ്ടായിരുന്നു ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കമിട്ടത്. 10 വാല്യങ്ങളിലായി ഒരു വിജ്ഞാനകോശം നിര്‍മിക്കാനുള്ള പദ്ധതിയാണ് അദ്ദേഹം തയ്യാറാക്കിയത്. 1968-ല്‍ പ്രൊഫ. ഗോപാലപിള്ള നിര്യാതനായി. തുടര്‍ന്ന് 1969-ല്‍ ഡോ. കെ.എം. ജോര്‍ജ് ചീഫ് എഡിറ്ററായി നിയമിതനായി. സര്‍വവിജ്ഞാനകോശത്തിന്റെ ആസൂത്രണത്തില്‍ ഗുണപരമായ ചില മാറ്റങ്ങള്‍ വരുത്തിയത് ഇദ്ദേഹത്തിന്റെ കാലത്താണ്. അതനുസരിച്ച് നാല്പതിനായിരത്തോളം ശീര്‍ഷകങ്ങള്‍ ഉള്‍ക്കൊള്ളിച്ച് 20 വാല്യങ്ങളിലായി സര്‍വവിജ്ഞാനകോശം പ്രസിദ്ധീകരിക്കാന്‍ തീരുമാനമെടുത്തു.

വിശ്വവിജ്ഞാനത്തെ നാല്പതിലേറെ ശാഖകളായി വേര്‍തിരിച്ചും ബന്ധപ്പെട്ട ശാഖകളെ പതിനൊന്നു വിഭാഗങ്ങളായി വര്‍ഗീകരിച്ചും കൈകാര്യം ചെയ്യാനുള്ള പദ്ധതിയാണ് ഡോ. ജോര്‍ജ് ആവിഷ്കരിച്ചത്. ശീര്‍ഷകശേഖരണത്തിലും ലേഖനരചനയിലും പത്രാധിപസമിതിക്ക് സാങ്കേതിക നിര്‍ദേശങ്ങള്‍ നല്കുന്നതിനുവേണ്ടി വിദഗ്ധന്മാരുള്‍ക്കൊള്ളുന്ന ഉപദേശക സമിതികളും രൂപവത്കരിക്കപ്പെട്ടു. ചിത്രരചനയ്ക്കും കലാസംവിധാനത്തിനും ഒരു കലാവിഭാഗവും സജ്ജമാക്കി. ഡോ. കെ.എം. ജോര്‍ജിന്റെ കാലത്ത് സര്‍വവിജ്ഞാനകോശത്തിന്റെ ഒന്നും രണ്ടും വാല്യങ്ങള്‍ പ്രസിദ്ധീകരിക്കപ്പെട്ടു. 1972 ഡിസംബറില്‍ പ്രകാശനം ചെയ്യപ്പെട്ട പ്രഥമവാല്യത്തില്‍ മാതൃഭാഷയിലെ ആദ്യാക്ഷരമായ 'അ'-ല്‍ തുടങ്ങി 'അമൃതവള്ളി' എന്ന ശീര്‍ഷകത്തില്‍ അവസാനിക്കുന്ന ആയിരത്തി അഞ്ഞൂറോളം ശീര്‍ഷകങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.

1975-ല്‍ ഡോ. വെള്ളായണി അര്‍ജുനന്‍ ചീഫ് എഡിറ്ററായി നിയമിതനായി. മൂന്നു മുതല്‍ ഏഴുവരെയുള്ള വാല്യങ്ങള്‍ പ്രസിദ്ധീകരിച്ചതും ഇന്‍സ്റ്റാള്‍മെന്റ്, ക്രെഡിറ്റ് പദ്ധതികള്‍ സമാരംഭിച്ചതും ഒരു സാധാരണ സര്‍ക്കാര്‍ വകുപ്പ് എന്ന നിലയില്‍ നിന്ന് സ്വയംഭരണാവകാശമുള്ള ഒരു പൊതുമേഖലാ സ്ഥാപനം ആയി കേരള സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് എന്‍സൈക്ലോപീഡിക് പബ്ലിക്കേഷന്‍സ് എന്ന പേരില്‍ ഈ വകുപ്പിനെ പുനഃസംഘടിപ്പിച്ചതും ഈ കാലത്താണ്. ഇന്‍സ്റ്റിറ്റ്യൂട്ട് ആയതോടെ ചീഫ് എഡിറ്റര്‍ എന്ന തസ്തികയുടെ പേര് ഡയറക്ടര്‍ എന്നു മാറ്റുകയും ഡോ. വെള്ളായണി അര്‍ജുനനെ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രഥമ ഡയറക്ടറായി സ്ഥിരീകരിക്കുകയും ചെയ്തു.

കേരളസര്‍ക്കാരിന്റെ ഉന്നത വിദ്യാഭ്യാസവകുപ്പിന്റെ കീഴിലുള്ള ഒരു പ്രത്യേക വകുപ്പായി പ്രവര്‍ത്തിച്ചിരുന്ന എന്‍സൈക്ലോപീഡിയ ഡിപ്പാര്‍ട്ടുമെന്റ് 1976 നവംബറില്‍ കേരള സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് എന്‍സൈക്ലോപീഡിക് പബ്ലിക്കേഷന്‍സ് എന്ന പേരില്‍ ഒരു സ്വയംഭരണ സ്ഥാപനമായി പുനഃസംഘടിപ്പിക്കപ്പെട്ടു. മുഖ്യമന്ത്രി അധ്യക്ഷനും സാംസ്കാരികവകുപ്പു മന്ത്രി ഉപാധ്യക്ഷനും ഡയറക്ടര്‍ മെമ്പര്‍ സെക്രട്ടറിയും ധനകാര്യവകുപ്പു സെക്രട്ടറി, സാംസ്കാരികവകുപ്പു സെക്രട്ടറി എന്നീ ഔദ്യോഗികാംഗങ്ങളും 15 അനുദ്യോഗസ്ഥാംഗങ്ങളും ഉള്ള വിപുലമായ ഭരണസമിതി ഇന്‍സ്റ്റിറ്റ്യൂട്ടിനുണ്ട്.

സര്‍വവിജ്ഞാനകോശത്തിന്റെ 15 വാല്യങ്ങള്‍ പ്രസിദ്ധീകരിച്ചു കഴിഞ്ഞു (2013). ഉള്ളടക്കത്തിലും ആധികാരികതയിലും മികച്ചു നില്ക്കുന്ന സര്‍വവിജ്ഞാനകോശ വാല്യങ്ങള്‍ക്ക് നിരവധി അവാര്‍ഡുകള്‍ ലഭ്യമായിട്ടുണ്ട്. കേരള സര്‍ക്കാരിന്റെ ആഭിമുഖ്യത്തിലുള്ള മലയാളം പുസ്തകവികസന സമിതിയുടെ ഏറ്റവും നല്ല റഫറന്‍സ് ഗ്രന്ഥത്തിനുള്ള ഒന്നാം സമ്മാനം 1976-77 ല്‍ സര്‍വവിജ്ഞാനകോശം മൂന്നാം വാല്യത്തിനും 1978-79-ല്‍ നാലാം വാല്യത്തിനും 1987-ല്‍ 8-ാം വാല്യത്തിനും ലഭിക്കുകയുണ്ടായി. ഇതിനുപുറമേ 1979-ല്‍ ഇന്ത്യന്‍ ഭാഷകളിലെ മികച്ച റഫറന്‍സ് ഗ്രന്ഥത്തിനുള്ള കേന്ദ്രസര്‍ക്കാരിന്റെ ദേശീയ അവാര്‍ഡ് സര്‍വവിജ്ഞാനകോശം അഞ്ചാം വാല്യത്തിനു ലഭ്യമായി. മികച്ച രൂപകല്പനയ്ക്കും മുദ്രണത്തിനുമുള്ള സംസ്ഥാന പുരസ്കാരം (1998), ഇന്റര്‍നാഷണല്‍ സ്കൂള്‍ ഒഫ് ദ്രവീഡിയന്‍ ലിങ്ഗ്വിസ്റ്റിക്സ് അവാര്‍ഡ് (2004), മികച്ച വൈജ്ഞാനിക ഗ്രന്ഥത്തിനുള്ള ഇന്റര്‍നാഷണല്‍ ബുക്ക് ഫെയര്‍ അവാര്‍ഡ് (2010), എം.ജി. യൂണിവേഴ്സിറ്റി അവാര്‍ഡ് (2011), സാഹിത്യ അക്കാദമി ദേശീയ പുസ്തകോത്സവ അവാര്‍ഡ് (2013) എന്നിവയും ഇന്‍സ്റ്റിറ്റ്യൂട്ട് ഗ്രന്ഥങ്ങള്‍ക്ക് ലഭിച്ച അംഗീകാരങ്ങളാണ്.

ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച വിജ്ഞാനകോശം വാല്യങ്ങള്‍

വിജ്ഞാനകോശങ്ങള്‍ സാധാരണക്കാര്‍ക്കുകൂടി ലഭ്യമാക്കണമെന്ന ലക്ഷ്യം സഫലമാക്കാനുതകുന്ന പരിപാടികള്‍ ആവിഷ്കരിച്ചതിന്റെ ഭാഗമായി 1977 ആഗസ്റ്റില്‍ ആരംഭിച്ച ഇന്‍സ്റ്റാള്‍മെന്റ് പദ്ധതി ഒരു വന്‍വിജയമായി തുടരുന്നു. ഇപ്പോള്‍ സര്‍വവിജ്ഞാനകോശത്തിന്റെ ഓരോ വാല്യവും 45,000 പ്രതികള്‍വീതം അച്ചടിക്കുന്നുണ്ട്. ഇതോടെ ഇന്ത്യന്‍ ഭാഷകളില്‍ ഏറ്റവും അധികം കോപ്പികള്‍ വില്‍ക്കപ്പെടുന്ന എന്‍സൈക്ലോപീഡിയ എന്ന ബഹുമതിക്കും ഇത് അര്‍ഹമായിത്തീര്‍ന്നിരിക്കുന്നു. സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാര്‍ക്ക് സര്‍വവിജ്ഞാനകോശം വാല്യങ്ങള്‍ മുന്‍കൂര്‍ നല്കുന്ന ക്രെഡിറ്റ് പദ്ധതിയും ഇന്നു നിലവിലുണ്ട്. വിജ്ഞാനകോശരംഗത്തെ ഈ പരീക്ഷണവും വന്‍വിജയവും മറ്റു സംസ്ഥാനങ്ങള്‍ക്കു മാതൃകയും ആയിത്തീര്‍ന്നിട്ടുണ്ട്.

ഇന്‍സ്റ്റിറ്റ്യൂട്ട് വെബ്സൈറ്റ്

എന്‍സൈക്ലോപീഡിയ ഇന്‍സ്റ്റിറ്റ്യൂട്ട് വികസനോന്മുഖപാതയിലേക്കു പ്രവേശിച്ചുകഴിഞ്ഞു. ഇനിയും പ്രസിദ്ധീകരിക്കാനുള്ള വാല്യങ്ങള്‍ ഒരു സമയബന്ധിതപരിപാടിയുടെ അടിസ്ഥാനത്തില്‍ പ്രകാശനം ചെയ്യാനുള്ള സംവിധാനവും ഉണ്ടാക്കിക്കഴിഞ്ഞിട്ടുണ്ട്.

സ്വയംഭരണസ്ഥാപനമായതിനുശേഷം പ്രവര്‍ത്തനപരിധി വിപുലീകരിക്കാനുള്ള ബഹുമുഖപദ്ധതികള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ആസൂത്രണം ചെയ്യുകയുണ്ടായി. ജനറല്‍ എന്‍സൈക്ലോപീഡിയയായ സര്‍വവിജ്ഞാനകോശത്തിനുപുറമേ സാഹിത്യം, സാമൂഹികശാസ്ത്രങ്ങള്‍, ജീവശാസ്ത്രം, ഭൗതികശാസ്ത്രം, ഗ്രാമീണകല എന്നിവയ്ക്കുവേണ്ടിയുള്ള വിഷയാധിഷ്ഠിത വിജ്ഞാനകോശങ്ങളുടെ നിര്‍മാണത്തിനുള്ള പ്രോജക്റ്റുകള്‍ തയ്യാറാക്കുകയും സര്‍ക്കാര്‍ അവയ്ക്ക് അനുമതി നല്കുകയും ചെയ്തുകഴിഞ്ഞു. പുതിയ പദ്ധതികളുടെ പ്രഥമഘട്ടം എന്ന നിലയില്‍ സാഹിത്യവിജ്ഞാനകോശത്തിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയും ത്വരിതപ്പെടുത്തുകയും ചെയ്തിരിക്കുന്നു. 1984 ഫെ. 22-ന് കേരള ഗവര്‍ണര്‍ പി. രാമചന്ദ്രന്‍ ഇതിന്റെ ഔപചാരികമായ ഉദ്ഘാടനം നിര്‍വഹിക്കുകയുണ്ടായി. ആയിരം പുറം വീതമുളള പത്തുവാല്യങ്ങളില്‍ വിശ്വസാഹിത്യം മുഴുവന്‍ സംഗ്രഹിച്ച് സമാഹരിച്ച് സജ്ജമാക്കുന്ന ഗ്രന്ഥപരമ്പരയാണിത്. വിശ്വസാഹിത്യ വിജ്ഞാനകോശത്തിന്റെ എട്ട് വാല്യങ്ങള്‍ പ്രസിദ്ധീകരിച്ചു കഴിഞ്ഞു (2013). ശേഷിക്കുന്ന രണ്ടു വാല്യങ്ങള്‍ കൂടി പ്രസിദ്ധീകരണവിധേയമാകുന്നതോടെ ഇന്ത്യന്‍ ഭാഷകളില്‍ സമാനതകളില്ലാത്ത ഗ്രന്ഥപരമ്പര യാഥാര്‍ഥ്യമാകും. ഇന്‍സ്റ്റിറ്റ്യൂട്ട് ഇതിനകം പ്രസിദ്ധീകരിച്ച വിഷയാധിഷ്ഠിത വിജ്ഞാനകോശങ്ങളാണ് പരിസ്ഥിതിവിജ്ഞാനകോശം, പരിണാമവിജ്ഞാനകോശം, ജ്യോതിശ്ശാസ്ത്രവിജ്ഞാനകോശം, വാര്‍ഷികവിജ്ഞാനകോശം എന്നിവ. സുവര്‍ണജൂബിലി വര്‍ഷത്തില്‍ (2014) സാംസ്കാരികം എന്ന പേരില്‍ കേരളത്തിലെ സാംസ്കാരികസ്ഥാപനങ്ങളെ സംബന്ധിച്ചുള്ള ഒരു റഫറന്‍സ് ഗ്രന്ഥവും ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പുതിയ കാലഘട്ടത്തിന്റെ സൈബര്‍ ജാലകത്തിലൂടെ ആഗോളമലയാളിക്ക് വിജ്ഞാനകോശങ്ങള്‍ സൗജന്യമായി ഉപയോഗിക്കാനുള്ള സൗകര്യവും ഇന്‍സ്റ്റിറ്റ്യൂട്ട് ഒരുക്കിക്കഴിഞ്ഞു. പ്രിന്റ് എഡിഷനും വെബ് എഡിഷനുമായി ഇന്ന് വീട്ടിലും വിരല്‍ത്തുമ്പിലും വിജ്ഞാനകോശം ഏതൊരു മലയാളിക്കും എളുപ്പം ലഭ്യമാകുന്ന പ്രക്രിയ ഉടന്‍ പൂര്‍ത്തിയാകും. http://www.sarva.gov.in, http://www.sarvavijnanakosam.gov.in എന്നിവയാണ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ വെബ് പേജുകള്‍.

ലോകത്തിലെ എല്ലാവിധ ശാസ്ത്രസാഹിത്യകലാശാഖകളിലുമായി വ്യാപിച്ചു കിടക്കുന്ന വിജ്ഞാനം മുഴുവന്‍ സമാഹരിച്ച് കേരളത്തിലെ ജ്ഞാനപിപാസുക്കളായ ജനങ്ങള്‍ക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ സ്ഥാപനം നിസ്തന്ദ്രമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. ഉദ്ദിഷ്ടലക്ഷ്യം വളരെവേഗം സഫലമാക്കുന്നതിനുള്ള സമയബന്ധിത പരിപാടികളുമായി ത്വരിതഗമനം നടത്തുന്ന സര്‍വവിജ്ഞാനകോശം ഇന്‍സ്റ്റിറ്റ്യൂട്ട് കേരളത്തിലെ ഏറ്റവും മികച്ച സാംസ്കാരിക സ്ഥാപനമായി വളര്‍ന്നുകഴിഞ്ഞിരിക്കുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍